Friday, March 8, 2019

ആത്മാഹൂതി

നീറിപെയ്യുന്ന മഴയിൽ കണ്ണുകൾ നിറഞ്ഞങ്ങനെ ഇരുന്നു അവൾ.
ഒരാകാശവുമിനി തെളിഞ്ഞു വിരിയാനില്ല എന്ന സത്യത്തെ തണുപ്പായി പുതച്ചിട്ടുണ്ടവൾ.

തളിർപ്പച്ചകളിൽനിന്നു ജലമറ്റ്‌ വീഴുമ്പോൾ , നെഞ്ചിൽനിന്നും തൂവിപ്പോയ നിലാവിനെ... വാക്കുരഞ്ഞു നേരിയ മുറിവിനെ... , അക്കൽദാമയെന്ന്  പേരിട്ട ആ ഇടത്തെ... , മൗനത്തിന്റെ കറുത്ത താഴിട്ടു ചേർത്തടച്ചിട്ടുണ്ടവൾ.

ശ്വാസമിടിപ്പിന്റെ ശബ്ദം പോലും പുറത്തേക്കു വീഴാത്ത വിധം ചുറ്റും കനക്കുന്ന ഇരുളിലേക്ക് സ്വയമേ അവൾ മനസ്സിനെ ബന്ധിച്ചിട്ടുണ്ട് .

ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആരെങ്കിലും എന്നോട് സ്നേഹത്തോടെ സംസാരിക്കണമെന്ന് അവളാഗ്രഹിച്ചിരുന്നിരിക്കാം.

ആത്മഹത്യക്കും ജീവിതത്തിനും ഇടയിലുള്ള മുടിനാര് കനമുള്ള നൂൽപ്പാലത്തിലൂടെ അവൾ കടന്നുപോയപ്പോൾ ഇതൊക്കെയാവാം ചിന്തിച്ചിട്ടുണ്ടാവുക???.

അതിജീവനത്തിനായുള്ള സകല വഴികളും ചിക്കിച്ചികഞ്ഞു കിട്ടിയ കച്ചിത്തുരുമ്പിലൂടെ പിടിച്ചു കയറാൻ ചിലപ്പോളവൾ വെമ്പൽ വെമ്പൽ കൊണ്ടിട്ടുണ്ടാവാം.

അന്ധമായ ചില വിശ്വാസങ്ങൾ തകർന്നതുകൊണ്ടാവാം അവൾ അങ്ങനെ അന്ന് ചിന്തിച്ചിട്ടുണ്ടാവുക.


സ്നേഹിക്കുന്നവർക്കുവേണ്ടി സ്വയരക്ഷ നോക്കാതെ കവച കുണ്ഡലങ്ങളെല്ലാം ഊരി നൽകി ശൂന്യതയുടെ വലിയ വൃത്തത്തിനുള്ളിലേക്കു അവൾ നടന്നത് എന്ത് കൊണ്ടാവാം???

ഒരു പക്ഷെ  സ്വന്തമെന്നു കരുതിയവരെ ജീവനോളം സ്നേഹിച്ചു , ജീവനിൽ കലർത്തിയിട്ടും ഒരിക്കലും പെറുക്കി കൂട്ടാനാവാത്തത്ര വികൃതമായി  അവളെ ചിന്നിച്ചിതറിച്ചു കളഞ്ഞപ്പോൾ തൊണ്ടക്കുഴിയിൽ കണ്ണീർ തടഞ്ഞു ഉറക്കമില്ലാത്ത വിഭ്രാന്തിയോടെ, തേരട്ട  പോലെ സ്വയം ചുരുങ്ങി കൂടിയതുകൊണ്ടാവാം.

മരണത്തോളം തന്നെ മരവിപ്പിക്കുന്ന അരക്ഷിതമാക്കുന്ന നിസ്സഹായതകളിൽ ആഗ്രഹിച്ചിട്ടുണ്ടവൾ സ്നേഹനിധിയായൊരാളുടെ ഉടൽച്ചൂട് വേണമെന്ന് . അപ്പോഴും അവൾ കേട്ടത് കുത്തുവാക്കുകൾ തന്നെയായിരുന്നു.

സ്നേഹത്തിനായി യാചിച്ചു നിന്ന് സാന്ത്വനത്തിനായി വിധേയപ്പെട്ടിട്ടും നിരുപാധികം അവജ്ഞയോടെ നിരാശയുടെ ഗർത്തത്തിലേക്കാണവൾ എടുത്തെറിയപ്പെട്ടത് .

നോവുകളിൽവീണ് കൈകാലിട്ടടിച്ചു രക്ഷപ്പെടാനാവാതെ എല്ലാ വഴികളും അടഞ്ഞുപോയരാളുടെ അവസാനത്തെ വഴിയായി  അവളിതുകണ്ടിട്ടുണ്ടാവാം.

ജീവിതത്തിലേക്കൊരാളെ വലിച്ചടിപ്പിക്കാനുള്ള വഴിയെക്കാൾ അനായാസമാണല്ലോ മരണത്തിലേക്കൊരാളെ നടത്താനുള്ള വഴി.

ജീവിതത്തിലെത്രയോ ഇടങ്ങളിൽ ജീവിതത്തേക്കാൾ എത്രയോ  ഭേദമാണ് ആത്മഹത്യയെന്നു തലതല്ലി കരഞ്ഞിട്ടുണ്ടവൾ..

സ്വന്തമാക്കിയവൻ  പോലും തിരിച്ചറിയാതെ ഒരു കടലിനെയാകെ ഉള്ളിൽപേറി കഴിച്ചുകൂട്ടിയ സമയങ്ങളിലാവും അവളിതു ചിന്തിച്ചിട്ടുണ്ടാവുക . പല ആവർത്തി അവളുടെ ദുഃഖം കേട്ടിട്ടും ഒന്നുംചെയ്യാത്തവർക്കു ജീവിതത്തെ റദ്ദു ചെയ്തു മരണം തിരഞ്ഞെടുത്തവളെ കുറ്റപ്പെടുത്തുവാൻ എന്തവകാശമാണുള്ളത് ???

അതെ.. ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ച നിമിഷം മുതൽ അവൾ മാത്രം അനുഭവിച്ച ആ അസഹ്യമായ നോവോർത്താണ്  ഇപ്പോഴെന്റെ നെഞ്ചുരുക്കം...   

No comments:

Post a Comment