Wednesday, March 13, 2019

സമർപ്പണം

വിഷ്ണുവിന്റെ തോളിലോട്ട് തല ചായ്ച്ചിരിക്കുമ്പോൾ അവൾക്കു എന്തെന്നില്ലാത്ത സമാധാനം തോന്നി... വേദനകളുടെ ചുഴിയിൽ നിന്ന് പതിയെ അവൾ മുകളിലോട്ടു വരികയായിരുന്നു.... എത്ര നേരം അവരാ കടൽക്കരയിൽ അതേ ഇരിപ്പ് തുടർന്നെന്ന് രണ്ട് പേർക്കുമറിയില്ല...                                        വിഷ്ണു ഓർക്കുകയായിരുന്നു... അവളെ ആദ്യം കണ്ടത്... മലബാറിൽ നിന്ന് ഒരു വേനലവധിക്ക് തന്റെ നാട്ടിലുള്ള ബന്ധുക്കളെ കാണാനും കൂടെ നിൽക്കാനും വന്ന ഒരു ഉമ്മച്ചിക്കുട്ടി... കൂട്ടുകാരൊപ്പം ചേർന്ന് കുളത്തിൽ പോയ അവൾ മുങ്ങിപ്പോയതും... ഒപ്പമുള്ളവരുടെ നിലവിളി കേട്ട് ആ വഴി പോയ താൻ കുളത്തിലേക്ക് എടുത്ത് ചാടിയതും... രക്ഷിച്ചതും... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു..നന്ദി പറച്ചിലിന്റേം കളിയാക്കലുകളുടെയും ഇടയിൽ അതെങ്ങനെയോ പ്രണയമായിത്തീർന്നു ... ഇന്ന് വർഷം മൂന്നു നാല് കഴിഞ്ഞു... അവളെല്ലാം ഉപേക്ഷിച്ചു തന്റെ കൂടെ ഇറങ്ങി വന്നിരിക്കുകയാണ്.... വിഷ്ണു അവളെ ഒന്നുകൂടി തന്റെ നെഞ്ചിലോട്ട് ചേർത്തു പിടിച്ചു...                                      "പോകാം... വീട്ടിലേക്ക്... സന്ധ്യയാകാറായി"..... അവൾ മെല്ലെ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു... നനഞ്ഞ ഒരു ചിരി... "വിഷമം വേണ്ടാട്ടോ... എന്റെ വീട്ടുകാർ നമ്മളെ തള്ളിക്കളഞ്ഞില്ലല്ലോ... ആ ഒരു സമാധാനമില്ലേ... അവരും ഉപേക്ഷിച്ചിരുന്നെകിൽ?.... അതുകൊണ്ട് വിഷമിക്കണ്ട.... നിന്റെ വീട്ടുകാരുടെ ഈ വീറും വാശിയുമൊക്കെ കുറച്ചു കഴിഞ്ഞാൽ തണുക്കുമെടോ .. അത് വരെ നമുക്ക് ക്ഷമിച്ചിരിക്കാം... വാ..... അവളുടെ കയ്യും പിടിച്ച് അവൻ വീട്ടിലോട്ടു നടന്നു....                                       ഉമ്മറപ്പടിയിലെത്തിയപ്പോൾ അമ്മ വിളക്ക് കത്തിക്കുകയായിരുന്നു.... എന്ത് ചെയ്യണമെന്നറിയാതെ അവളൊരു നിമിഷം പകച്ചു... അത് മനസ്സിലായിട്ടെന്നവണ്ണം അവർ ഇറങ്ങിവന്നിട്ടവളേ ചേർത്ത് പിടിച്ചു അകത്തക്ക് കൂട്ടികൊണ്ടുപോയി...എന്നിട്ടവളുടെ കയ്യിലോട്ടൊരു പായ വച്ചു കൊടുത്തു... "മോളുടെ വിശ്വാസങ്ങൾക്ക് ഞങ്ങൾ എതിരല്ല... പലരും പല പേരിട്ടു വിളിക്കുമെങ്കിലും എല്ലാം എത്തുന്നത് ഒരിടത്തു തന്നെ...ദേഹശുദ്ധി വരുത്തി മോൾ നിസ്കരിച്ചോള്ളൂ.. " അതുകേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി...                                      രാത്രി ജനലഴികളൂടെയിങ്ങനെ പുറത്തോട്ട് നോക്കി നിൽക്കാൻ നല്ല സുഖം.... വയലിൽ നിന്ന് തണുത്ത കാറ്റ് വന്ന് അവളെ പൊതിയുന്നുണ്ടായിരുന്നു....അവളുടെ മനസ്സും ശരീരവും വല്ലാതെ തണുത്തു.... പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടവൾ തിരിഞ്ഞു നോക്കി....വിഷ്ണുവേട്ടൻ..."ഇങ്ങനെ നിന്നാൽ മത്യോ?... കിടക്കണ്ടേ.,,,,.., ഉം... അവളൊന്ന് മൂളി.... അവൻ തന്നിലേക്കവളെ ചേർത്ത് നിർത്തി നെറുകയിൽ ചുംബിച്ചു....  അഴിച്ചിട്ട അവളുടെ ചുരുൾ മുടിയിലേക്കും  വിടർന്ന കണ്ണുകളിലേക്കും അവൻ നോക്കി.... അവളുടെ ചെവിയോട് ചുണ്ടുകൾ ചേർത്തവൻ പതിയെ വിളിച്ചു... "ഭദ്രെ... മുൻപും വല്ലാതെ സ്നേഹം തോന്നുന്ന നിമിഷത്തിൽ അവനങ്ങനെയായിരുന്നു അവളെ വിളിച്ചിരുന്നത്.... "ഉം... അവൾ പതിയെ മൂളി..ഇനിയും ചേർക്കാൻ ഇടമില്ലാത്തവണ്ണം അവനവളെ വരിഞ്ഞു മുറുക്കി.... അവന്റെ കരവലയത്തിൽ അമരുമ്പോൾ അവളുടെ സങ്കടങ്ങൾ അലിഞ്ഞില്ലാതാകുകയായിരുന്നു... വല്ലാത്തൊരു സുരക്ഷിതത്വവും അവൾക്ക് അനുഭവപ്പെട്ടു...മുറിയിലെ സ്റ്റീരിയോയിൽ ഇരുവർക്കുമിഷ്ടപ്പെട്ട കവിതയപ്പോൾ മുഴങ്ങുന്നുണ്ടായിയിരുന്നു.... "ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ......... !                                              ഓരോ ജീവിതങ്ങളും ഓരോ സമർപ്പണങ്ങളാണ്... അവളും സമർപ്പിക്കുകയാരുന്നു തന്നെ... തന്റെ ജീവനായ വിഷ്ണുവേട്ടന് വേണ്ടി.....

4 comments: