Thursday, March 28, 2019

കാത്തിരിപ്പ്

വിരഹം പൂക്കുന്ന മരച്ചില്ലയിൽ നിലാവ് കായ്ക്കുന്നു..
ഇരുട്ടിന്റെ മറവിലൂടെ ചുവന്ന സന്ധ്യയകലുമ്പോൾ,
പുഴവെള്ളത്തിൽ തെളിയുന്ന ചന്ദ്രനെയും നോക്കി ഞാനിരുന്നോട്ടെ..  !!!
ഒരു കുഞ്ഞു താരത്തിന് ഒരു മഞ്ഞുതുള്ളി എന്നപോലെ,
നിന്നെ എന്നരികിൽ ദൈവം മറന്നു വച്ചുവെങ്കിൽ... !
ഇശലുകൾ പെയ്തിറങ്ങുന്ന രാവിൽ തണലായ്‌ നീയെൻ കൂടെ....
ഒരു പനനീർപൂവായ്‌ ഞാനും വനശലഭം പോലെ നീയും.....
ഈ ജന്മം മുഴുവൻ നിന്നോടൊപ്പമിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...
നിറഞ്ഞ മനസ്സോടെ ഒരായിരം പ്രതീക്ഷകളോടെ എന്നും ഞാൻ കാത്തിരിക്കും ...

Friday, March 15, 2019

തനിച്ച്

എനിക്ക് നടക്കണമിനി... 
തനിച്ച്.. 

നമ്മളൊരുമിച്ചു നടന്ന കുന്നിൻ ചെരുവുകളിൽ... പാടവരമ്പിൽ...പുൽമേടുകളിൽ... എനിക്കിരിക്കണമിനി...
തനിച്ച്... 

നമ്മൾ കൈകോർത്ത് പിടിച്ചിരുന്ന കുളപ്പടവിൽ ആൽത്തറയിൽ...
നിൻ തോളിലേക്ക്  തലചായ്ച്ചിരുന്നിരുന്ന കടൽക്കരയിൽ... 
എനിക്ക് നനയണമിനി.. 
തനിച്ച്.. 

നമ്മളൊരുമിച്ചു നനഞ്ഞ പ്രണയമഴകൾ.. 
മഞ്ഞു മഴകൾ... മരം പെയ്യുന്ന മഴകളും... 
എനിക്ക് മിണ്ടണമിനി... 
തനിച്ച്.. 

നമ്മൾ കൊഞ്ചിയ കിളികളോട്... 
ആറ്റു വക്കിലെ പരൽമീനുകളോട്...
ആത്മാവിലേക്ക് ആവാഹിച്ചെടുത്ത പ്രകൃതിയോട്... 
എല്ലാം കഴിഞ്ഞെനിക്കൊന്നുറങ്ങണം തനിച്ച്... 

നമ്മളൊരുമിച്ചു കണ്ട ആകാശച്ചെരുവിനെ നോക്കി... പൂർണ്ണ ചന്ദ്രനെ നോക്കി...നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി... 
മരണമെന്ന ഇരുട്ടിൽ ലയിച്ചു ചേരണം.. മരണമെന്ന തണുപ്പിനെ ചുംബിച്ചുറങ്ങണം... മനസ്സ് നീറ്റുന്ന നൊമ്പരങ്ങളിൽ നിന്ന് മണ്ണിലോട്ടൊരു അലിഞ്ഞു ചേരൽ... !

Thursday, March 14, 2019

പ്രണയം

മറ്റുള്ളവർക്ക് മുൻപിൽ കാണിക്കുന്ന പ്രഹസനങ്ങളല്ല പ്രണയം..
പ്രണയം ആത്മാവിൽ നിന്ന് വരുന്നതാണ്...
ശബ്ദമോ കാഴ്ചയോ സ്പർശനമോ  ഇല്ലാതെ ആത്മാവിന്റെ ഭാഷകൊണ്ട് മാത്രം  പ്രണയിക്കുന്നവരും പ്രണയിക്കപ്പെടുന്നവരും ഈ ലോകത്തുണ്ട്...
പരസ്പരം ഒന്നാകാൻ കഴിയാതെ ഓർമ്മകളെ പ്രണയിച്ചു സന്തോഷത്തോടെ ജീവിച്ചു പോകുന്നവരും ഇപ്പോഴുമുണ്ട്... പരാതികളും പരിഭവങ്ങളുമില്ലാതെ...              
ഇതിനിടയിൽ ചിലർ കാണിക്കുന്ന ക്രോപായങ്ങൾ കാണുമ്പോൾ സ്വയം ലജ്ജ തോന്നുന്നു... അവർ തിരിച്ചറിയുന്നുണ്ടോ കാഴ്ചക്കാർക്ക് മുൻപിൽ അവർ വെറുമൊരു കോമാളികളാകുന്നത്...? പരിഹസിക്കപ്പെടുന്നത്?...
പുച്ഛിക്കപ്പെടുത്?...
ചർച്ചാ വിഷയമാകുന്നത്?...
യഥാർത്ഥ പ്രണയം ജീവിക്കുന്നത് അവരവരുടെ ഉള്ളിലാണ്...
കോപ്രായങ്ങളിലല്ല...!

Wednesday, March 13, 2019

ഗുൽമോഹർ

നിറസൂര്യന്‍റെ പ്രഭ മുഴവന്‍ തന്‍റെ ഇതളുകല്‍ക്കുള്ളില്‍ ഒതുക്കി വച്ച ഗുൽമോഹർ.. 
എന്‍റെ യാത്രയില്‍ പലയിടത്തും ഞാന്‍ നിന്നെ കണ്ടു മുട്ടി..   
             
പാതയോരങ്ങളില്‍ ക്ഷമയോടെ കാത്തു നിന്ന നീയെനിക്ക് സമ്മാനിച്ചത് ഓര്‍മയുടെ വസന്തമായിരുന്നു..,
നിന്നെ കടന്നു പോയ ഓരോ നിമിഷവും ഞാന്‍ കടന്നു പോയത് എന്‍റെ ഓര്‍മ്മകളിലൂടെയായിരുന്നു....

എന്നെ ഞാനാക്കിയ എന്‍റെ ഓര്‍മ്മകളിലൂടെ ..                  
എന്‍റെ ബാല്യവും കൗമാരവും സൗഹൃദവും പ്രണയവും വിരഹവും എല്ലാം നിന്നിലൂടെ എന്‍റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി....     
                      
ഗുൽമോഹർ ... 

നീ വെറുമൊരു പുഷ്പമായിരുന്നില്ല എനിക്ക്..
എന്‍റെ ഓര്‍മ്മകളായിരുന്നു...

മറ്റെന്തിനെക്കാളും ഞാന്‍ സ്നേഹിച്ച എന്‍റെ ഓര്‍മ്മകള്‍...                
ഇപ്പോള്‍ എന്‍റെ ഓരോ യാത്രയിലും ഞാന്‍ നിന്നെ തിരയുകയാണ് ...
നിന്‍റെ കയ്യും പിടിച്ചു ഓര്‍മ്മയുടെ താഴ്വ്വരയിലേക്ക് നടന്നിറങ്ങുവാന്‍....

സമർപ്പണം

വിഷ്ണുവിന്റെ തോളിലോട്ട് തല ചായ്ച്ചിരിക്കുമ്പോൾ അവൾക്കു എന്തെന്നില്ലാത്ത സമാധാനം തോന്നി... വേദനകളുടെ ചുഴിയിൽ നിന്ന് പതിയെ അവൾ മുകളിലോട്ടു വരികയായിരുന്നു.... എത്ര നേരം അവരാ കടൽക്കരയിൽ അതേ ഇരിപ്പ് തുടർന്നെന്ന് രണ്ട് പേർക്കുമറിയില്ല...                                        വിഷ്ണു ഓർക്കുകയായിരുന്നു... അവളെ ആദ്യം കണ്ടത്... മലബാറിൽ നിന്ന് ഒരു വേനലവധിക്ക് തന്റെ നാട്ടിലുള്ള ബന്ധുക്കളെ കാണാനും കൂടെ നിൽക്കാനും വന്ന ഒരു ഉമ്മച്ചിക്കുട്ടി... കൂട്ടുകാരൊപ്പം ചേർന്ന് കുളത്തിൽ പോയ അവൾ മുങ്ങിപ്പോയതും... ഒപ്പമുള്ളവരുടെ നിലവിളി കേട്ട് ആ വഴി പോയ താൻ കുളത്തിലേക്ക് എടുത്ത് ചാടിയതും... രക്ഷിച്ചതും... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു..നന്ദി പറച്ചിലിന്റേം കളിയാക്കലുകളുടെയും ഇടയിൽ അതെങ്ങനെയോ പ്രണയമായിത്തീർന്നു ... ഇന്ന് വർഷം മൂന്നു നാല് കഴിഞ്ഞു... അവളെല്ലാം ഉപേക്ഷിച്ചു തന്റെ കൂടെ ഇറങ്ങി വന്നിരിക്കുകയാണ്.... വിഷ്ണു അവളെ ഒന്നുകൂടി തന്റെ നെഞ്ചിലോട്ട് ചേർത്തു പിടിച്ചു...                                      "പോകാം... വീട്ടിലേക്ക്... സന്ധ്യയാകാറായി"..... അവൾ മെല്ലെ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു... നനഞ്ഞ ഒരു ചിരി... "വിഷമം വേണ്ടാട്ടോ... എന്റെ വീട്ടുകാർ നമ്മളെ തള്ളിക്കളഞ്ഞില്ലല്ലോ... ആ ഒരു സമാധാനമില്ലേ... അവരും ഉപേക്ഷിച്ചിരുന്നെകിൽ?.... അതുകൊണ്ട് വിഷമിക്കണ്ട.... നിന്റെ വീട്ടുകാരുടെ ഈ വീറും വാശിയുമൊക്കെ കുറച്ചു കഴിഞ്ഞാൽ തണുക്കുമെടോ .. അത് വരെ നമുക്ക് ക്ഷമിച്ചിരിക്കാം... വാ..... അവളുടെ കയ്യും പിടിച്ച് അവൻ വീട്ടിലോട്ടു നടന്നു....                                       ഉമ്മറപ്പടിയിലെത്തിയപ്പോൾ അമ്മ വിളക്ക് കത്തിക്കുകയായിരുന്നു.... എന്ത് ചെയ്യണമെന്നറിയാതെ അവളൊരു നിമിഷം പകച്ചു... അത് മനസ്സിലായിട്ടെന്നവണ്ണം അവർ ഇറങ്ങിവന്നിട്ടവളേ ചേർത്ത് പിടിച്ചു അകത്തക്ക് കൂട്ടികൊണ്ടുപോയി...എന്നിട്ടവളുടെ കയ്യിലോട്ടൊരു പായ വച്ചു കൊടുത്തു... "മോളുടെ വിശ്വാസങ്ങൾക്ക് ഞങ്ങൾ എതിരല്ല... പലരും പല പേരിട്ടു വിളിക്കുമെങ്കിലും എല്ലാം എത്തുന്നത് ഒരിടത്തു തന്നെ...ദേഹശുദ്ധി വരുത്തി മോൾ നിസ്കരിച്ചോള്ളൂ.. " അതുകേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി...                                      രാത്രി ജനലഴികളൂടെയിങ്ങനെ പുറത്തോട്ട് നോക്കി നിൽക്കാൻ നല്ല സുഖം.... വയലിൽ നിന്ന് തണുത്ത കാറ്റ് വന്ന് അവളെ പൊതിയുന്നുണ്ടായിരുന്നു....അവളുടെ മനസ്സും ശരീരവും വല്ലാതെ തണുത്തു.... പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടവൾ തിരിഞ്ഞു നോക്കി....വിഷ്ണുവേട്ടൻ..."ഇങ്ങനെ നിന്നാൽ മത്യോ?... കിടക്കണ്ടേ.,,,,.., ഉം... അവളൊന്ന് മൂളി.... അവൻ തന്നിലേക്കവളെ ചേർത്ത് നിർത്തി നെറുകയിൽ ചുംബിച്ചു....  അഴിച്ചിട്ട അവളുടെ ചുരുൾ മുടിയിലേക്കും  വിടർന്ന കണ്ണുകളിലേക്കും അവൻ നോക്കി.... അവളുടെ ചെവിയോട് ചുണ്ടുകൾ ചേർത്തവൻ പതിയെ വിളിച്ചു... "ഭദ്രെ... മുൻപും വല്ലാതെ സ്നേഹം തോന്നുന്ന നിമിഷത്തിൽ അവനങ്ങനെയായിരുന്നു അവളെ വിളിച്ചിരുന്നത്.... "ഉം... അവൾ പതിയെ മൂളി..ഇനിയും ചേർക്കാൻ ഇടമില്ലാത്തവണ്ണം അവനവളെ വരിഞ്ഞു മുറുക്കി.... അവന്റെ കരവലയത്തിൽ അമരുമ്പോൾ അവളുടെ സങ്കടങ്ങൾ അലിഞ്ഞില്ലാതാകുകയായിരുന്നു... വല്ലാത്തൊരു സുരക്ഷിതത്വവും അവൾക്ക് അനുഭവപ്പെട്ടു...മുറിയിലെ സ്റ്റീരിയോയിൽ ഇരുവർക്കുമിഷ്ടപ്പെട്ട കവിതയപ്പോൾ മുഴങ്ങുന്നുണ്ടായിയിരുന്നു.... "ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ......... !                                              ഓരോ ജീവിതങ്ങളും ഓരോ സമർപ്പണങ്ങളാണ്... അവളും സമർപ്പിക്കുകയാരുന്നു തന്നെ... തന്റെ ജീവനായ വിഷ്ണുവേട്ടന് വേണ്ടി.....

Monday, March 11, 2019

മോഹങ്ങൾ

സമുദ്ര തിരമാലപോലെൻ ഹൃദയത്തിൽ... 
ആർത്തനാദം വിളിക്കുന്നു മോഹത്തിൻ... 
തളം കെട്ടി നിൽക്കുന്ന മോഹങ്ങളാലെ... 
ദുഃഖങ്ങളെല്ലാം ചുമന്നു കൂടി... 
മോഹങ്ങളെൻ ഹൃദയത്തിൽ കൂർത്ത മുനകളാലെ ഉരസുന്നു... 
വേദന സഹിക്കവയ്യാതെ ഞാനെന്നെ ശപിക്കുന്നു... 
ശാപമോ കാർന്നു തിന്നുന്നു... 
കൊതിച്ചതുണ്ടോ നേടുന്നു വിധിച്ചതല്ലാതെ... 
കൊതിച്ചു തീർന്നതോ എൻ ജീവിതമാകയും...

Saturday, March 9, 2019

ഒറ്റ

സങ്കടങ്ങൾ വരുമ്പോൾ ചായാൻ ഒരു തോൾ അന്വേഷിക്കരുത്..എത്ര പ്രിയപ്പെട്ടവരുടെ ആയാലും ശരി...എല്ലാ വിഷമ ഘട്ടങ്ങളിലും പ്രിയപ്പെട്ടവർ കൂടെയുണ്ടാകുമെന്നും പ്രതീക്ഷിക്കരുത്...എല്ലാത്തിനെയും ഒറ്റക്ക് നേരിടാൻ മനസ്സിനെ പാകപ്പെടുത്തിയെടുക്കണം... മനസ്സ് ഉരുക്കാക്കണം... എങ്കിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഉൾക്കരുത്തോടെ വീഴാതെ മുൻപോട്ടു പോകാൻ നമുക്ക് സാധിക്കും.

ആനന്ദം

എന്റെ ആനന്ദം ഞാൻ സ്വയം കണ്ടെത്തുന്നതാണ്...അതൊരിക്കലും മറ്റൊരാളുടെ വാക്കുകളിലോ പ്രവർത്തിയിലോ അല്ല...എന്റെ കാഴ്ചകളിലും ചിന്തകളിലുമാണ് ഞാനവയെ കുടിയിരുത്തിയിരിക്കുന്നത്...

Friday, March 8, 2019

ആത്മാഹൂതി

നീറിപെയ്യുന്ന മഴയിൽ കണ്ണുകൾ നിറഞ്ഞങ്ങനെ ഇരുന്നു അവൾ.
ഒരാകാശവുമിനി തെളിഞ്ഞു വിരിയാനില്ല എന്ന സത്യത്തെ തണുപ്പായി പുതച്ചിട്ടുണ്ടവൾ.

തളിർപ്പച്ചകളിൽനിന്നു ജലമറ്റ്‌ വീഴുമ്പോൾ , നെഞ്ചിൽനിന്നും തൂവിപ്പോയ നിലാവിനെ... വാക്കുരഞ്ഞു നേരിയ മുറിവിനെ... , അക്കൽദാമയെന്ന്  പേരിട്ട ആ ഇടത്തെ... , മൗനത്തിന്റെ കറുത്ത താഴിട്ടു ചേർത്തടച്ചിട്ടുണ്ടവൾ.

ശ്വാസമിടിപ്പിന്റെ ശബ്ദം പോലും പുറത്തേക്കു വീഴാത്ത വിധം ചുറ്റും കനക്കുന്ന ഇരുളിലേക്ക് സ്വയമേ അവൾ മനസ്സിനെ ബന്ധിച്ചിട്ടുണ്ട് .

ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആരെങ്കിലും എന്നോട് സ്നേഹത്തോടെ സംസാരിക്കണമെന്ന് അവളാഗ്രഹിച്ചിരുന്നിരിക്കാം.

ആത്മഹത്യക്കും ജീവിതത്തിനും ഇടയിലുള്ള മുടിനാര് കനമുള്ള നൂൽപ്പാലത്തിലൂടെ അവൾ കടന്നുപോയപ്പോൾ ഇതൊക്കെയാവാം ചിന്തിച്ചിട്ടുണ്ടാവുക???.

അതിജീവനത്തിനായുള്ള സകല വഴികളും ചിക്കിച്ചികഞ്ഞു കിട്ടിയ കച്ചിത്തുരുമ്പിലൂടെ പിടിച്ചു കയറാൻ ചിലപ്പോളവൾ വെമ്പൽ വെമ്പൽ കൊണ്ടിട്ടുണ്ടാവാം.

അന്ധമായ ചില വിശ്വാസങ്ങൾ തകർന്നതുകൊണ്ടാവാം അവൾ അങ്ങനെ അന്ന് ചിന്തിച്ചിട്ടുണ്ടാവുക.


സ്നേഹിക്കുന്നവർക്കുവേണ്ടി സ്വയരക്ഷ നോക്കാതെ കവച കുണ്ഡലങ്ങളെല്ലാം ഊരി നൽകി ശൂന്യതയുടെ വലിയ വൃത്തത്തിനുള്ളിലേക്കു അവൾ നടന്നത് എന്ത് കൊണ്ടാവാം???

ഒരു പക്ഷെ  സ്വന്തമെന്നു കരുതിയവരെ ജീവനോളം സ്നേഹിച്ചു , ജീവനിൽ കലർത്തിയിട്ടും ഒരിക്കലും പെറുക്കി കൂട്ടാനാവാത്തത്ര വികൃതമായി  അവളെ ചിന്നിച്ചിതറിച്ചു കളഞ്ഞപ്പോൾ തൊണ്ടക്കുഴിയിൽ കണ്ണീർ തടഞ്ഞു ഉറക്കമില്ലാത്ത വിഭ്രാന്തിയോടെ, തേരട്ട  പോലെ സ്വയം ചുരുങ്ങി കൂടിയതുകൊണ്ടാവാം.

മരണത്തോളം തന്നെ മരവിപ്പിക്കുന്ന അരക്ഷിതമാക്കുന്ന നിസ്സഹായതകളിൽ ആഗ്രഹിച്ചിട്ടുണ്ടവൾ സ്നേഹനിധിയായൊരാളുടെ ഉടൽച്ചൂട് വേണമെന്ന് . അപ്പോഴും അവൾ കേട്ടത് കുത്തുവാക്കുകൾ തന്നെയായിരുന്നു.

സ്നേഹത്തിനായി യാചിച്ചു നിന്ന് സാന്ത്വനത്തിനായി വിധേയപ്പെട്ടിട്ടും നിരുപാധികം അവജ്ഞയോടെ നിരാശയുടെ ഗർത്തത്തിലേക്കാണവൾ എടുത്തെറിയപ്പെട്ടത് .

നോവുകളിൽവീണ് കൈകാലിട്ടടിച്ചു രക്ഷപ്പെടാനാവാതെ എല്ലാ വഴികളും അടഞ്ഞുപോയരാളുടെ അവസാനത്തെ വഴിയായി  അവളിതുകണ്ടിട്ടുണ്ടാവാം.

ജീവിതത്തിലേക്കൊരാളെ വലിച്ചടിപ്പിക്കാനുള്ള വഴിയെക്കാൾ അനായാസമാണല്ലോ മരണത്തിലേക്കൊരാളെ നടത്താനുള്ള വഴി.

ജീവിതത്തിലെത്രയോ ഇടങ്ങളിൽ ജീവിതത്തേക്കാൾ എത്രയോ  ഭേദമാണ് ആത്മഹത്യയെന്നു തലതല്ലി കരഞ്ഞിട്ടുണ്ടവൾ..

സ്വന്തമാക്കിയവൻ  പോലും തിരിച്ചറിയാതെ ഒരു കടലിനെയാകെ ഉള്ളിൽപേറി കഴിച്ചുകൂട്ടിയ സമയങ്ങളിലാവും അവളിതു ചിന്തിച്ചിട്ടുണ്ടാവുക . പല ആവർത്തി അവളുടെ ദുഃഖം കേട്ടിട്ടും ഒന്നുംചെയ്യാത്തവർക്കു ജീവിതത്തെ റദ്ദു ചെയ്തു മരണം തിരഞ്ഞെടുത്തവളെ കുറ്റപ്പെടുത്തുവാൻ എന്തവകാശമാണുള്ളത് ???

അതെ.. ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ച നിമിഷം മുതൽ അവൾ മാത്രം അനുഭവിച്ച ആ അസഹ്യമായ നോവോർത്താണ്  ഇപ്പോഴെന്റെ നെഞ്ചുരുക്കം...   

Wednesday, March 6, 2019

നിഴലാട്ടം

എൻറെ ചിലങ്കയിൽ നിന്നുതിരുന്ന നൂപുരധ്വനികൾക്ക് 
നിന്നെയുണർത്തുവാനുള്ള താളമിന്നു നഷ്ടപ്പെട്ടിരിക്കുന്നു...
എങ്കിലും നിൻറെ പ്രണയത്തിൻ തേരിലേറി എന്നും ഞാൻ വരും..... 
ഒരു ഇളം തെന്നലായി  നിൻറെ സ്വപ്‌നങ്ങളിൽ നീയെന്നെ തിരയുമ്പോൾ 
ഓടിയണയുവാൻ വേണ്ടി മാത്രം ...

സ്വപ്ന ഗന്ധർവ്വൻ

കണ്ടു ഞാൻ നിൻ മിഴികളിൽ പ്രണയാർദ്രഭാവം...
ഒരു പുലർകാല മഞ്ഞുതുള്ളിപോലെ നൈർമല്യമായ നോട്ടവും 
ഒരു പുഷ്പത്തെ നെഞ്ചോട് ചേർക്കുംപോലെയുള്ള കരുതലും അനുഭവിച്ചറിഞ്ഞു ഞാൻ നിൻറെ ആലിംഗനത്തിൽ... 
പാല പൂക്കുന്ന രാത്രികളുടെ ഏഴാം യാമങ്ങളിൽ മാത്രം എന്നിലേക്കലിയാൻ ഓടിയെത്തുന്ന ഗന്ധർവ്വനാണ് നീ...
എൻറെ  മാത്രം സ്വപ്ന ഗന്ധർവ്വൻ.

ബന്ധങ്ങൾ

അന്ധമായ സ്നേഹം, അമിതമായ വിശ്വാസത്തിലേക്കും
അമിതമായ വിശ്വാസം, പൂർണ്ണമായ അടിമത്തത്തിലേക്കും
പൂർണ്ണമായ അടിമത്തം, തീവ്രമായ യാന്ത്രികതയിലേക്കും വഴിതെളിക്കുന്നു.
അതിനാൽ... മനസ്സും മസ്തിഷ്കവും ചേർന്നത് തന്നെയാകട്ടെ ബന്ധങ്ങൾ

Tuesday, March 5, 2019

തൂലിക

എൻ പ്രണയത്തൂലികളിൽനിന്നും ഉതിർന്നുവീഴുന്ന മഷിക്കു
നിൻറെ കണ്ണിലെ പ്രണയചുവപ്പിൻറെ നിറമാണ് ...
എൻ തൂലികയിൽ പിറവികൊള്ളുന്ന വരികൾക്ക്
നിൻറെ ചുണ്ടിൽ നിന്നും പകർന്നു തന്ന മധുവിൻറെ മധുരവും...

അപൂർണ്ണത

പൂർണതയില്ലാത്ത നിൻ വരികളിലാണ് അപൂർണ്ണയായി ഞാൻ ജീവിക്കുന്നത്.
നിനക്ക് എഴുതിത്തീർക്കുവാൻ കഴിയാത്തൊരു കാവ്യമാണിന്നും ഞാൻ.
ജന്മാന്തരങ്ങൾക്കപ്പുറം ഞാൻ കാത്തിരിക്കും,
പൂർണമായ നിൻ വരികളിലൂടെ ഒരിക്കൽക്കൂടി പുനർജനിക്കുവാൻ വേണ്ടി മാത്രം.
മറവിയുടെ മാറാലകൂട്ടങ്ങൾക്കിടയിലേക്കു തള്ളിവിടാതെ,
നീയെന്നെ പൂർണയക്കുവാൻ വേണ്ടി  ശ്രമിച്ചുകൊണ്ടിരിക്കണം.