Thursday, March 28, 2019

കാത്തിരിപ്പ്

വിരഹം പൂക്കുന്ന മരച്ചില്ലയിൽ നിലാവ് കായ്ക്കുന്നു..
ഇരുട്ടിന്റെ മറവിലൂടെ ചുവന്ന സന്ധ്യയകലുമ്പോൾ,
പുഴവെള്ളത്തിൽ തെളിയുന്ന ചന്ദ്രനെയും നോക്കി ഞാനിരുന്നോട്ടെ..  !!!
ഒരു കുഞ്ഞു താരത്തിന് ഒരു മഞ്ഞുതുള്ളി എന്നപോലെ,
നിന്നെ എന്നരികിൽ ദൈവം മറന്നു വച്ചുവെങ്കിൽ... !
ഇശലുകൾ പെയ്തിറങ്ങുന്ന രാവിൽ തണലായ്‌ നീയെൻ കൂടെ....
ഒരു പനനീർപൂവായ്‌ ഞാനും വനശലഭം പോലെ നീയും.....
ഈ ജന്മം മുഴുവൻ നിന്നോടൊപ്പമിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...
നിറഞ്ഞ മനസ്സോടെ ഒരായിരം പ്രതീക്ഷകളോടെ എന്നും ഞാൻ കാത്തിരിക്കും ...

Friday, March 15, 2019

തനിച്ച്

എനിക്ക് നടക്കണമിനി... 
തനിച്ച്.. 

നമ്മളൊരുമിച്ചു നടന്ന കുന്നിൻ ചെരുവുകളിൽ... പാടവരമ്പിൽ...പുൽമേടുകളിൽ... എനിക്കിരിക്കണമിനി...
തനിച്ച്... 

നമ്മൾ കൈകോർത്ത് പിടിച്ചിരുന്ന കുളപ്പടവിൽ ആൽത്തറയിൽ...
നിൻ തോളിലേക്ക്  തലചായ്ച്ചിരുന്നിരുന്ന കടൽക്കരയിൽ... 
എനിക്ക് നനയണമിനി.. 
തനിച്ച്.. 

നമ്മളൊരുമിച്ചു നനഞ്ഞ പ്രണയമഴകൾ.. 
മഞ്ഞു മഴകൾ... മരം പെയ്യുന്ന മഴകളും... 
എനിക്ക് മിണ്ടണമിനി... 
തനിച്ച്.. 

നമ്മൾ കൊഞ്ചിയ കിളികളോട്... 
ആറ്റു വക്കിലെ പരൽമീനുകളോട്...
ആത്മാവിലേക്ക് ആവാഹിച്ചെടുത്ത പ്രകൃതിയോട്... 
എല്ലാം കഴിഞ്ഞെനിക്കൊന്നുറങ്ങണം തനിച്ച്... 

നമ്മളൊരുമിച്ചു കണ്ട ആകാശച്ചെരുവിനെ നോക്കി... പൂർണ്ണ ചന്ദ്രനെ നോക്കി...നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കി... 
മരണമെന്ന ഇരുട്ടിൽ ലയിച്ചു ചേരണം.. മരണമെന്ന തണുപ്പിനെ ചുംബിച്ചുറങ്ങണം... മനസ്സ് നീറ്റുന്ന നൊമ്പരങ്ങളിൽ നിന്ന് മണ്ണിലോട്ടൊരു അലിഞ്ഞു ചേരൽ... !

Thursday, March 14, 2019

പ്രണയം

മറ്റുള്ളവർക്ക് മുൻപിൽ കാണിക്കുന്ന പ്രഹസനങ്ങളല്ല പ്രണയം..
പ്രണയം ആത്മാവിൽ നിന്ന് വരുന്നതാണ്...
ശബ്ദമോ കാഴ്ചയോ സ്പർശനമോ  ഇല്ലാതെ ആത്മാവിന്റെ ഭാഷകൊണ്ട് മാത്രം  പ്രണയിക്കുന്നവരും പ്രണയിക്കപ്പെടുന്നവരും ഈ ലോകത്തുണ്ട്...
പരസ്പരം ഒന്നാകാൻ കഴിയാതെ ഓർമ്മകളെ പ്രണയിച്ചു സന്തോഷത്തോടെ ജീവിച്ചു പോകുന്നവരും ഇപ്പോഴുമുണ്ട്... പരാതികളും പരിഭവങ്ങളുമില്ലാതെ...              
ഇതിനിടയിൽ ചിലർ കാണിക്കുന്ന ക്രോപായങ്ങൾ കാണുമ്പോൾ സ്വയം ലജ്ജ തോന്നുന്നു... അവർ തിരിച്ചറിയുന്നുണ്ടോ കാഴ്ചക്കാർക്ക് മുൻപിൽ അവർ വെറുമൊരു കോമാളികളാകുന്നത്...? പരിഹസിക്കപ്പെടുന്നത്?...
പുച്ഛിക്കപ്പെടുത്?...
ചർച്ചാ വിഷയമാകുന്നത്?...
യഥാർത്ഥ പ്രണയം ജീവിക്കുന്നത് അവരവരുടെ ഉള്ളിലാണ്...
കോപ്രായങ്ങളിലല്ല...!

Wednesday, March 13, 2019

ഗുൽമോഹർ

നിറസൂര്യന്‍റെ പ്രഭ മുഴവന്‍ തന്‍റെ ഇതളുകല്‍ക്കുള്ളില്‍ ഒതുക്കി വച്ച ഗുൽമോഹർ.. 
എന്‍റെ യാത്രയില്‍ പലയിടത്തും ഞാന്‍ നിന്നെ കണ്ടു മുട്ടി..   
             
പാതയോരങ്ങളില്‍ ക്ഷമയോടെ കാത്തു നിന്ന നീയെനിക്ക് സമ്മാനിച്ചത് ഓര്‍മയുടെ വസന്തമായിരുന്നു..,
നിന്നെ കടന്നു പോയ ഓരോ നിമിഷവും ഞാന്‍ കടന്നു പോയത് എന്‍റെ ഓര്‍മ്മകളിലൂടെയായിരുന്നു....

എന്നെ ഞാനാക്കിയ എന്‍റെ ഓര്‍മ്മകളിലൂടെ ..                  
എന്‍റെ ബാല്യവും കൗമാരവും സൗഹൃദവും പ്രണയവും വിരഹവും എല്ലാം നിന്നിലൂടെ എന്‍റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി....     
                      
ഗുൽമോഹർ ... 

നീ വെറുമൊരു പുഷ്പമായിരുന്നില്ല എനിക്ക്..
എന്‍റെ ഓര്‍മ്മകളായിരുന്നു...

മറ്റെന്തിനെക്കാളും ഞാന്‍ സ്നേഹിച്ച എന്‍റെ ഓര്‍മ്മകള്‍...                
ഇപ്പോള്‍ എന്‍റെ ഓരോ യാത്രയിലും ഞാന്‍ നിന്നെ തിരയുകയാണ് ...
നിന്‍റെ കയ്യും പിടിച്ചു ഓര്‍മ്മയുടെ താഴ്വ്വരയിലേക്ക് നടന്നിറങ്ങുവാന്‍....

സമർപ്പണം

വിഷ്ണുവിന്റെ തോളിലോട്ട് തല ചായ്ച്ചിരിക്കുമ്പോൾ അവൾക്കു എന്തെന്നില്ലാത്ത സമാധാനം തോന്നി... വേദനകളുടെ ചുഴിയിൽ നിന്ന് പതിയെ അവൾ മുകളിലോട്ടു വരികയായിരുന്നു.... എത്ര നേരം അവരാ കടൽക്കരയിൽ അതേ ഇരിപ്പ് തുടർന്നെന്ന് രണ്ട് പേർക്കുമറിയില്ല...                                        വിഷ്ണു ഓർക്കുകയായിരുന്നു... അവളെ ആദ്യം കണ്ടത്... മലബാറിൽ നിന്ന് ഒരു വേനലവധിക്ക് തന്റെ നാട്ടിലുള്ള ബന്ധുക്കളെ കാണാനും കൂടെ നിൽക്കാനും വന്ന ഒരു ഉമ്മച്ചിക്കുട്ടി... കൂട്ടുകാരൊപ്പം ചേർന്ന് കുളത്തിൽ പോയ അവൾ മുങ്ങിപ്പോയതും... ഒപ്പമുള്ളവരുടെ നിലവിളി കേട്ട് ആ വഴി പോയ താൻ കുളത്തിലേക്ക് എടുത്ത് ചാടിയതും... രക്ഷിച്ചതും... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു..നന്ദി പറച്ചിലിന്റേം കളിയാക്കലുകളുടെയും ഇടയിൽ അതെങ്ങനെയോ പ്രണയമായിത്തീർന്നു ... ഇന്ന് വർഷം മൂന്നു നാല് കഴിഞ്ഞു... അവളെല്ലാം ഉപേക്ഷിച്ചു തന്റെ കൂടെ ഇറങ്ങി വന്നിരിക്കുകയാണ്.... വിഷ്ണു അവളെ ഒന്നുകൂടി തന്റെ നെഞ്ചിലോട്ട് ചേർത്തു പിടിച്ചു...                                      "പോകാം... വീട്ടിലേക്ക്... സന്ധ്യയാകാറായി"..... അവൾ മെല്ലെ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു... നനഞ്ഞ ഒരു ചിരി... "വിഷമം വേണ്ടാട്ടോ... എന്റെ വീട്ടുകാർ നമ്മളെ തള്ളിക്കളഞ്ഞില്ലല്ലോ... ആ ഒരു സമാധാനമില്ലേ... അവരും ഉപേക്ഷിച്ചിരുന്നെകിൽ?.... അതുകൊണ്ട് വിഷമിക്കണ്ട.... നിന്റെ വീട്ടുകാരുടെ ഈ വീറും വാശിയുമൊക്കെ കുറച്ചു കഴിഞ്ഞാൽ തണുക്കുമെടോ .. അത് വരെ നമുക്ക് ക്ഷമിച്ചിരിക്കാം... വാ..... അവളുടെ കയ്യും പിടിച്ച് അവൻ വീട്ടിലോട്ടു നടന്നു....                                       ഉമ്മറപ്പടിയിലെത്തിയപ്പോൾ അമ്മ വിളക്ക് കത്തിക്കുകയായിരുന്നു.... എന്ത് ചെയ്യണമെന്നറിയാതെ അവളൊരു നിമിഷം പകച്ചു... അത് മനസ്സിലായിട്ടെന്നവണ്ണം അവർ ഇറങ്ങിവന്നിട്ടവളേ ചേർത്ത് പിടിച്ചു അകത്തക്ക് കൂട്ടികൊണ്ടുപോയി...എന്നിട്ടവളുടെ കയ്യിലോട്ടൊരു പായ വച്ചു കൊടുത്തു... "മോളുടെ വിശ്വാസങ്ങൾക്ക് ഞങ്ങൾ എതിരല്ല... പലരും പല പേരിട്ടു വിളിക്കുമെങ്കിലും എല്ലാം എത്തുന്നത് ഒരിടത്തു തന്നെ...ദേഹശുദ്ധി വരുത്തി മോൾ നിസ്കരിച്ചോള്ളൂ.. " അതുകേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി...                                      രാത്രി ജനലഴികളൂടെയിങ്ങനെ പുറത്തോട്ട് നോക്കി നിൽക്കാൻ നല്ല സുഖം.... വയലിൽ നിന്ന് തണുത്ത കാറ്റ് വന്ന് അവളെ പൊതിയുന്നുണ്ടായിരുന്നു....അവളുടെ മനസ്സും ശരീരവും വല്ലാതെ തണുത്തു.... പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ടവൾ തിരിഞ്ഞു നോക്കി....വിഷ്ണുവേട്ടൻ..."ഇങ്ങനെ നിന്നാൽ മത്യോ?... കിടക്കണ്ടേ.,,,,.., ഉം... അവളൊന്ന് മൂളി.... അവൻ തന്നിലേക്കവളെ ചേർത്ത് നിർത്തി നെറുകയിൽ ചുംബിച്ചു....  അഴിച്ചിട്ട അവളുടെ ചുരുൾ മുടിയിലേക്കും  വിടർന്ന കണ്ണുകളിലേക്കും അവൻ നോക്കി.... അവളുടെ ചെവിയോട് ചുണ്ടുകൾ ചേർത്തവൻ പതിയെ വിളിച്ചു... "ഭദ്രെ... മുൻപും വല്ലാതെ സ്നേഹം തോന്നുന്ന നിമിഷത്തിൽ അവനങ്ങനെയായിരുന്നു അവളെ വിളിച്ചിരുന്നത്.... "ഉം... അവൾ പതിയെ മൂളി..ഇനിയും ചേർക്കാൻ ഇടമില്ലാത്തവണ്ണം അവനവളെ വരിഞ്ഞു മുറുക്കി.... അവന്റെ കരവലയത്തിൽ അമരുമ്പോൾ അവളുടെ സങ്കടങ്ങൾ അലിഞ്ഞില്ലാതാകുകയായിരുന്നു... വല്ലാത്തൊരു സുരക്ഷിതത്വവും അവൾക്ക് അനുഭവപ്പെട്ടു...മുറിയിലെ സ്റ്റീരിയോയിൽ ഇരുവർക്കുമിഷ്ടപ്പെട്ട കവിതയപ്പോൾ മുഴങ്ങുന്നുണ്ടായിയിരുന്നു.... "ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ......... !                                              ഓരോ ജീവിതങ്ങളും ഓരോ സമർപ്പണങ്ങളാണ്... അവളും സമർപ്പിക്കുകയാരുന്നു തന്നെ... തന്റെ ജീവനായ വിഷ്ണുവേട്ടന് വേണ്ടി.....

Monday, March 11, 2019

മോഹങ്ങൾ

സമുദ്ര തിരമാലപോലെൻ ഹൃദയത്തിൽ... 
ആർത്തനാദം വിളിക്കുന്നു മോഹത്തിൻ... 
തളം കെട്ടി നിൽക്കുന്ന മോഹങ്ങളാലെ... 
ദുഃഖങ്ങളെല്ലാം ചുമന്നു കൂടി... 
മോഹങ്ങളെൻ ഹൃദയത്തിൽ കൂർത്ത മുനകളാലെ ഉരസുന്നു... 
വേദന സഹിക്കവയ്യാതെ ഞാനെന്നെ ശപിക്കുന്നു... 
ശാപമോ കാർന്നു തിന്നുന്നു... 
കൊതിച്ചതുണ്ടോ നേടുന്നു വിധിച്ചതല്ലാതെ... 
കൊതിച്ചു തീർന്നതോ എൻ ജീവിതമാകയും...

Saturday, March 9, 2019

ഒറ്റ

സങ്കടങ്ങൾ വരുമ്പോൾ ചായാൻ ഒരു തോൾ അന്വേഷിക്കരുത്..എത്ര പ്രിയപ്പെട്ടവരുടെ ആയാലും ശരി...എല്ലാ വിഷമ ഘട്ടങ്ങളിലും പ്രിയപ്പെട്ടവർ കൂടെയുണ്ടാകുമെന്നും പ്രതീക്ഷിക്കരുത്...എല്ലാത്തിനെയും ഒറ്റക്ക് നേരിടാൻ മനസ്സിനെ പാകപ്പെടുത്തിയെടുക്കണം... മനസ്സ് ഉരുക്കാക്കണം... എങ്കിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഉൾക്കരുത്തോടെ വീഴാതെ മുൻപോട്ടു പോകാൻ നമുക്ക് സാധിക്കും.